പാലക്കാട്: ബാഗ് നിറയെ ക്രെഡിറ്റ് കാർഡുകളുമായി യുവാവ് എക്സൈസ് പിടിയിൽ. വാളയാറിൽ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ഗുജറാത്ത് പോർബന്തർ സ്വദേശി ഒഡേതര രവി ഭീമ (25) ആണ് 216 ക്രെഡിറ്റ് കാർഡുകളുമായി പിടിയിലായത്. വിവിധ ആളുകളുടെ പേരിലുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കേരളത്തിൽ ഫോൺ വാങ്ങാൻ എത്തിയതാണെന്നാണ് ഇയാളുടെ മൊഴി.
യുവാവിനെയും കാർഡുകളും പൊലിസിനു കീഴിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറി. ഹൈദരാബാദിൽനിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കാർഡുകൾ വിവിധ വ്യക്തികളുടെ പേരിലാണെന്ന് കണ്ടെത്തി. മാസങ്ങൾക്ക് മുൻപ് കേരളത്തിലെത്തി ഐഫോണുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും സമാനമായ രീതിയിൽ വാങ്ങിക്കൊണ്ടു പോയിട്ടുണ്ടെന്നാണ് എക്സൈസിനു നൽകിയിട്ടുള്ള മൊഴി.